ആന്ധ്ര പ്രദേശില്‍നിന്ന് യുഎസിലേക്കു കുടിയേറിയ ദമ്പതികളുടെ മകളായ ഉഷ അഭിഭാഷകയാണ്. യുഎസിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ പ്രായം കുറഞ്ഞ സെക്കന്‍ഡ് ലേഡി. ഹാരി ട്രൂമാന്റെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ആല്‍ബന്‍ ബാര്‍ക്ക്ലിയുടെ മുപ്പത്തെട്ടുകാരിയായ ഭാര്യ ജെയിന് ഹാര്ഡ്ലി ബാര്‍ക്ക്ലിയാണ് ഏറ്റവും പ്രായം കുറഞ്ഞ സെക്കന്‍ഡ് ലേഡി.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജെ.ഡി. വാന്‍സ് വഹിച്ച നിര്‍ണായക പങ്കിനെയും ഡോണള്‍ഡ് ട്രംപ് പ്രശംസിച്ചു. ''മിടുക്കനായ സെനറ്ററാണ് വാന്‍സ്. അദ്ദേഹത്തെക്കാള്‍ മിടുക്കുള്ള ഒരേയൊരാള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്'', ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഎസില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും യുഎസ് പൗരത്വം ലഭിക്കുന്ന നിയമം റദ്ദാക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ച സാഹചര്യത്തില്‍ ഉഷയുടെ പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുകയാണ്.
ഉഷ ജനിക്കുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും യുഎസ് പൗരത്വം ഉണ്ടായിരുന്നില്ല. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമില്ലെങ്കില്‍ അവരുടെ മക്കള്‍ യുഎസില്‍ ജനിച്ചാലും പൗരത്വം നല്കാന് സാധിക്കില്ലെന്ന രീതിയില്‍ നിയമ ഭേദഗതി നടപ്പാക്കാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. എന്നാല്‍, ട്രംപിന്റെ ഭേദഗതിക്ക് മുന്‍കാല പ്രാബല്യം ഇല്ലാത്ത സാഹചര്യത്തില്‍ ഉഷയുടെ പൗരത്വത്തിന് ഭീഷണിയൊന്നുമില്ല എന്ന മറുവാദവും ഉയരുന്നുണ്ട്. പക്ഷേ, ഈ ഭേദഗതിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കുടിയേറ്റ സമൂഹത്തിനു ബോധ്യപ്പെടാന്‍ ഉഷയെ ബന്ധിപ്പിച്ചുള്ള ട്രോളുകള്‍ക്കു സാധിക്കുന്നുണ്ട്.
ട്രംപ് ഒപ്പുവച്ച് 30 ദിവസമാകുമ്പോള്‍ മാത്രമായിരിക്കും പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. അതായത് 2025 ഫെബ്രുവരി 18 വരെ പഴയ നിയമം തന്നെയായിരിക്കും പിന്തുടരുക. മാത്രമല്ല, ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവ് ഇതിനകം യുഎസിലെ വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു.

Comments: